ഇവിടെ വാതിലിലുമുണ്ട്, രാജ്യസ്നേഹം
സ്വാതന്ത്രസമരസേനാനി ആയിരുന്ന കിഴക്കേ കടുങ്ങല്ലൂർ സ്വദേശി പി ബാലകൃഷ്ണപിള്ളയുടെ മകന്റെ വീടിനുമുന്നിൽ എത്തിയാൽ ഗാന്ധിജിയെ കാണാം. അടുത്ത വാതിക്കൽ ഭാരതവും ദേശീയപതാകയും.കിഴക്കെ കടുങ്ങല്ലൂർ മുല്ലേപ്പിള്ളി ശ്രീകുമാറിന്റെ വീട്ടിലാണ് തേക്കിൻ തടിയിൽ തീർത്ത വാതിലിൽ വരെ രാജ്യസ്നേഹം വികാരമായി തുളുമ്പി നിൽക്കുന്നത്.ശ്രീകുമാർ പുതിയ വീടിന്റെ നിർമ്മാണം തുടങ്ങിയപ്പോൾ പിതാവ് ഒരു കാര്യം മാത്രമേ ആവശ്യപ്പെട്ടുള്ളു. ഗാന്ധിജിയുടെ വലിയൊരു ചിത്രം വീട്ടിൽ സ്ഥാപിക്കണമെന്ന്. സ്വാതന്ത്രസമര പോരാട്ടത്തിനിടെ ഗാന്ധിജിയെ നേരിൽ കാണാൻ ഇടവന്നപ്പോൾ മുതൽ തന്റെ മനസ്സിൽ ആവേശമായി മാറിയ നേതാവിനെ എന്നും കണ്ടിരിക്കണം എന്ന് അച്ഛൻ ആവശ്യപ്പെട്ടു. അതിനായി ശ്രീകുമാർ തെരഞ്ഞെടുത്ത മാർഗ്ഗമാണ് ഗാന്ധിജിയുടെ പൂർണകായരൂപം വാതിലിൽ കൊത്തിയെടുക്കുക എന്നത്.തേക്കിൻ തടിയിൽ തീർത്ത രണ്ടു വാതിലുകളിൽ ഒന്നിൽ ഗാന്ധിജിയുടെ രൂപവും മറ്റൊന്നിൽ ഇന്ത്യയുടെ ഭൂപടവും ദേശീയ പതാകയും തീർക്കാൻ തീരുമാനിച്ചു. ആലുവ നോശ്ചിമ സ്വദേശി പി കെ ബാബു ആണ് ഒരു മാസം കൊണ്ട് രണ്ടു ചിത്രങ്ങളും പൂർത്തിയാക്കിയത്. വീട്ടിലെത്തുന്ന അതിഥികൾക്ക് എല്ലാം ഇത് വേറിട്ട അനുഭവം ആണ് സമ്മാനിക്കുന്നത്. അച്ഛന്റെ മരണശേഷം ആ സ്വാതന്ത്ര്യ സമര സേനാനിയുടെ ഓർമ്മയായിട്ടാണ് ഇപ്പോൾ ഈ വാതിൽ ചിത്രങ്ങളെ താൻ കാണുന്നതെന്ന് കോൺഗ്രസ് ബ്ലോക്ക് ജനറൽ സെക്രട്ടറി കൂടിയായ ശ്രീ കുമാർ പറഞ്ഞു.
Comments (0)